നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’. 2024 ഒക്ടോബർ മാസത്തിൽ തിയേറ്ററുകളിൽ എത്തിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ, ഒരുപിടി പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയിരുന്നു. തീയറ്ററുകളിൽ മികച്ച വിജയമായി മാറിയ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ സാഗർ സൂര്യ, ജുനൈസ് വിപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയ ആണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, സീമ, അഭയ ഹിരൺമയി, ബോബി കുര്യൻ, പ്രശാന്ത് അലക്സാണ്ടർ, ചാന്ദിനി ശ്രീധരൻ, അനൂപ് കൃഷ്ണൻ, സുജിത്ത് ശങ്കർ തുടങ്ങിയവരെല്ലാം ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശം
സോണി ലിവ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 25 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം, ക്രിസ്മസ് റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോമിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പിന്നീട് അക്കാര്യത്തിൽ മാറ്റം സംഭവിക്കുകയായിരുന്നു. ഔദ്യോഗിക ഒടിടി സ്ട്രീമിങ് തിയ്യതി സോണി ലിവ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ജനുവരി ആദ്യവാരം ‘പണി’ ഒടിടി പ്രേക്ഷകരിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഒടിടി വാർത്ത വെബ്സൈറ്റുകൾ സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം,
ജനുവരി 3 മുതൽ ജോജു ജോർജ് ചിത്രം സോണി ലിവ്ൽ സ്ട്രീമിങ് ആരംഭിക്കും. സിനിമയുടെ മറ്റു അണിയറ പ്രവർത്തകരിലേക്ക് വന്നാൽ, വേണു ഐഎസ്സി, ജിന്റോ ജോർജ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചപ്പോൾ, മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. വിഷ്ണു വിജയ്, സാം സിഎസ്, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
Summary: Joju George Pani movie ott release update