Mohanlal ‘Barroz’ movie OTT release date announced: ജനുവരി മാസത്തിൽ ഇതിനോടകം നിരവധി മികച്ച മലയാള സിനിമകൾ ആണ് ഒടിടി പ്രേക്ഷകരിലേക്ക് എത്തിയത്. ആനന്ദ് ശ്രീബാല, പണി, ഐ ആം കാതലൻ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ, ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തിയ ഈ ഫാന്റസി ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. എന്നാൽ,
ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നതോടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തും. മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ, ഇന്ത്യൻ അഭിനേതാക്കൾക്ക് ഒപ്പം നിരവധി വിദേശ അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്. 3 ഡി മികവോടെ തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ, ഒടിടി സ്ട്രീമിങ് തീയതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസ്നേ+ ഹോട്സ്റ്റർ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ജനുവരി 22 മുതൽ ചിത്രം ഡിസ്നേ+ ഹോട്സ്റ്ററിൽ സ്ട്രീമിങ് ആരംഭിക്കും. ബറോസ് ആയി മോഹൻലാൽ എത്തിയ ചിത്രത്തിൽ, ഗുരു സോമസുന്ദരം, മായ റാവു, തുഹീൻ മേനോൻ, ഇഗ്നേഷ്യോ മത്തിയോസ്, ജോഷ്വാ ഒക്കെസലാക്കോ, സീസർ ലോറന്റെ, മെൽവിൻ ഗ്രെഗ്, കീർത്തന കുമാർ, ഗോപാലൻ അടത്ത്, കോമൾ ശർമ, സുനിത റാവു, മനോജ് കുമാർ കർക്കി തുടങ്ങി ധാരാളം അഭിനേതാക്കൾ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ,
പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ അതിഥി വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ബി അജിത് കുമാർ ആണ്. കലവൂർ രവികുമാർ ആണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ലിഥിയൻ നാദാസ്വരം, ഫെർണാണ്ടോ ഗ്വരേറോ, മിഗ്വേൽ ഗ്വരേറോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ‘ബറോസ്’ ഹോട്സ്റ്ററിൽ ലഭ്യമാവും.